ചമ്പക്കുളം: കുട്ടനാട്ടിൽനിന്ന് ലോകത്തിലേക്ക് വളർന്ന ഒരു എഴുത്തുകാരൻ കൂടിയാണ് കഴിഞ്ഞ ദിവസം അന്തരിച്ച ചമ്പക്കുളം പടഹാരം സ്വദേശിയായ ഫാ. തോമസ് കൊച്ചുതറ.
ഈടുറ്റ ദൈവശാസ്ത്ര ഗ്രസ്ഥങ്ങളും ലേഖനങ്ങളും പ്രസിദ്ധികരിച്ചിട്ടുള്ള ചങ്ങനാശേരി അതിരൂപതയിലെ മുതിർന്ന വൈദികനായ അദ്ദേഹത്തിന്റെ ഏറ്റവും പ്രാമാണിക ഗ്രന്ഥം ‘ക്രിസ്റ്റ്യാനിറ്റി ആൻഡ് ട്രൈബൽ സൊസൈറ്റീസ് ഓഫ് നോർത്ത് ഈസ്റ്റ് ഇന്ത്യ’യാണ്. ആസാം, മേഘാലയ, നാഗാലാൻഡ്, മണിപ്പുർ, ത്രീപുര, മിസോറം, അരുണാചൽ പ്രദേശ് എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വൈവിധ്യമാർന്ന സ്വഭാവസവിശേഷതകളും, അടിസ്ഥാന വിവരങ്ങളും അടിസ്ഥാന പ്രശനങ്ങളും ആധികാരികമായി പഠിച്ച് മനസിലാക്കി തയാറാക്കിയതാണ് ഈ പുസ്തകം.
അദ്ദേഹം ദീർഘകാലം കണ്ടതും കേട്ടതും കൂടെനിന്ന് മനസിലാക്കിയതുമായ ഒരു ജനസമൂഹത്തിന്റെ ചരിത്രത്തിലേക്കും സാമൂഹ്യ-സാംസ്കാരിക സാഹചര്യങ്ങളിലേക്കും ഒരു വൈദികന് എപ്രകാരം ഇറങ്ങിച്ചെല്ലാൻ കഴിഞ്ഞു എന്നതിന്റെ നേർക്കാഴ്ചയാണ് ഇത്. ഈ പുസ്തകത്തിൽ കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളായി മണിപ്പുരിൽ അരങ്ങേറുന്ന അരാജകത്വത്തിന്റെയും രക്തരൂഷിതമായ കീഴടക്കലുകളുടെയും അടിമപ്പെടുത്തലുകളുടെയും പേടിപ്പെടുത്തുന്ന പലായനങ്ങളുടെയും അടിസ്ഥാന കാരണങ്ങൾ വിശദീകരിച്ചിട്ടുണ്ട്. 2023ൽ ആരംഭിച്ച അനിഷ്ട സംഭവങ്ങളുടെ അടിസ്ഥാന കാരണങ്ങൾ 2020 ഡിസംബറിൽ പ്രസിദ്ധികരിച്ച തന്റെ പുസ്തകത്തിൽ പ്രവാചക സമാനമായ രീതിയിലാണ് ഈ വൈദികൻ രേഖപ്പെടുത്തിയിരിക്കുന്നത്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പൊതു സ്വഭാവം, ചരിത്രം, ബ്രിട്ടിഷ് ആധിപത്യത്തിന് മുമ്പും, ശേഷവും, ഭരണപരമായ പുനരേകീകരണം, ജനങ്ങൾ, ആദിവാസി സവിശേഷതകൾ, രാഷ്ട്രിയ അടിസ്ഥാനങ്ങൾ, സമ്പദ് വ്യവസ്ഥ, വ്യവസായ പിന്നാക്കാവസ്ഥ, സംസ്കാരം, സംസ്കൃതി, മതം, ആധുനിക വത്കരണം വരുത്തിയ തിരിച്ചടികൾ തുടങ്ങി മറ്റ് മതവിശ്വാസങ്ങളുടെ ഇടപെടൽ, സാമൂഹ്യവും സാമ്പത്തികവും ഘടനാപരവുമായ പ്രശനങ്ങളോടൊപ്പം തന്നെ ഭൂപ്രകൃതി, രാഷ്ട്രിയ സാഹചര്യങ്ങൾ, വിവിധ പ്രസ്ഥാനങ്ങൾ എന്നിവ സംബന്ധിച്ചും വിശദമായി ഈ ഗ്രന്ഥത്തിൽ പ്രദിപാദിക്കുന്നു.
വിവിധ സെമിനാരികളിൽ ദൈവശാസ്ത്ര അധ്യാപകനായിരുന്ന ഫാ. തോമസ് സത്നയിലെ സെന്റ് എഫ്രേം തിയോളജിക്കൽ കോളജ് റെക്ടറായും ചങ്ങനാശേരി സെന്റ് ജോൺ പോൾ രണ്ട് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്. പിഒസിയിലും സേവനമനുഷ്ഠിച്ചിരുന്നു.
ഫാ. തോമസ് കൊച്ചുതറയുടെ സംസ്കാരം നാളെയാണ്. ഇന്ന് 11.30 മുതൽ 12 വരെ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ പൊതുദർശനമുണ്ടാകും. തുടർന്ന് 12.30 മുതൽ രണ്ടുവരെ മാമ്മൂട് ലൂർദ്മാതാ ദേവാലയത്തിലും 3.15 മുതൽ പടഹാരം കൊച്ചുതറ തങ്കമ്മ ജോർജിന്റെ ഭവനത്തിലും പൊതുദർശനമുണ്ടാകും. നാളെ ഉച്ചയ്ക്ക് ഒന്നിന് ഭവനത്തിൽ സംസ്കാര കർമങ്ങൾ ആരംഭിക്കും.